തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളജ് പാർക്കിംഗിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച് ഒളിവിലിരുന്ന കുപ്രസിദ്ധ മോഷ്ടാവ് 'അണ്ണാൻ ഷാജി' പിടിയിൽ. നിരവധി പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണക്കേസുകളിൽ പ്രതിയായ ഷാജിയെ, തിരുവനന്തപുരത്തുനിന്നും മോഷ്ടിച്ച ഓട്ടോറിക്ഷയുമായി സഞ്ചരിക്കവേ മെഡിക്കൽ കോളജ് പൊലിസ് എറണാകുളം ജില്ലയിലെ ചെറുവട്ടൂരിൽ നിന്നും പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് തൃശൂർ മെഡിക്കൽ കോളജ് പരിസരത്ത് നിന്നും ഇയാൾ ഓട്ടോ മോഷ്ടിച്ച് കടന്നുകളഞ്ഞത്. ഇടുക്കി സ്വദേശിയായ പ്രതി മൂവാറ്റുപുഴയിൽ വാടകവീട്ടിൽ ഒളിവിലിരിക്കുകയായിരുന്നു.
മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും നിരന്തരം താമസസ്ഥലങ്ങൾ മാറിപ്പോകുന്നതും പൊലിസിന്റെ അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന് മാസങ്ങളോളം ഇയാളുടെ ബന്ധുക്കളെയും അടുത്ത സുഹൃത്തിനെയും രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് പോലീസിന് പ്രതിയിലേക്ക് എത്താൻ സാധിച്ചത്. പൊലിസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ ദൂരം പിന്തുടർന്നാണ് സാഹസികമായി കീഴടക്കിയത്.